20.2.11

ദെർസു ഉസാല : മറക്കാനാവാത്ത കാഴ്ച്ചാനുഭവം

പണ്ടെങ്ങോ  ഒരു 'യുറീക്ക'യിലാണ്‌  ദെർസുവിനെപ്പറ്റി ആദ്യം വായിക്കുന്നത്‌...ചെറിയ ഒരു ലേഖനം. എഴുതിയതാരെന്നോർമ്മയില്ല. അന്നേ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും 1975ലെ ഒരു അകിരകുറസോവ സിനിമ ആ കാലത്ത് എവിടുന്നു കിട്ടാൻ...പിന്നെപ്പിന്നെ മറന്നും പോയി. ഈയിടെയാണ്‌ അതൊന്നു കാണാൻ ഒരവസരം കിട്ടിയത്.ഇനിയെനിക്ക് ഉറപ്പിച്ച് പറയാം കണ്ടില്ലായിരുന്നെങ്കിൽ അതൊരു നഷ്ടം തന്നെയെന്ന്. എല്ലാ അർത്ഥത്തിലും ക്ലാസിക്ക് സിനിമ.

തികച്ചും അന്യമായ സൈബീരിയൻ ഭൂപ്രകൃതിയിൽ, 1910 കളിൽ നടക്കുന്ന ഒരു കഥ കേരളം പോലെ ഭൂമിശാസ്ത്രപരമായി സേഫ് ആയ ഒരിടത്ത് നിന്നുള്ള എന്നെ ഈ 2011 ലും ഇത്രയധികം സ്വാധീനിക്കാൻ കഴിയുന്നുണ്ടെങ്കിൽ...ചുരുങ്ങിയത് ക്ലാസിക്ക് എന്നെങ്കിലും വിശേഷിപ്പിക്കേണ്ടെ.

കുട്ടിക്കാലത്തെ പരിഷത്ത് പുസ്തകങ്ങളും മറ്റും കൊണ്ടുള്ള  സ്വാധീനമാണൊ, അതൊ കാറ്റിൽ ചെറുതായി ഇളകുന്ന മരച്ചില്ലയുടെ ഉയരത്തിൽ കയറിയിരുന്ന് വേനലവധിയിൽ ഇങ്ങെനെയൊന്ന് വായിച്ചതിന്റെ ഫീൽ ആണോ.. എന്തായാലും അന്നു തൊട്ട് തലയിൽക്കേറിയ ചിന്തകളില്ലൊന്നാണ്‌ മനുഷ്യൻ പ്രകൃതിയിൽ എത്രത്തോളം നിസ്സാരനാണെന്നെ സത്യം.

പ്രകൃതിയുമായി തന്റെ ജീവിതം ഇഴചേർന്ന് പോയവന്‌ നാഗരികത സമ്മാനിക്കുന്ന സഫോകേഷൻ. മനുഷ്യനും മൃഗങ്ങളും പുൽനാമ്പ് തൊട്ട് വന്മരങ്ങൾ വരെയുള്ള സഹജീവികളോടുള്ള വറ്റാത്ത സ്നേഹം. അതിജീവത്തിന്റെ മാനുഷികമായ, വളരെ ലളിതവും ബുദ്ധിപരവുമായ പുതുവഴികൾ.. അങ്ങനെയങ്ങനെ നന്മയുടെ ഒരുപാടു ജീവനുറങ്ങുന്ന ദൃശ്യങ്ങൾ.

ഇതിനിടയിൽ അതിശക്തമായ ചില ഓർപ്പെടുത്തലുകളും ചോദ്യങ്ങളും സ്വാഭാവികമായിത്തന്നെ മുന്നോട്ടു വരുന്നു. പ്രകൃതി വിഭവങ്ങളെല്ലാം.. വിറകും, വെള്ളവും എല്ലാം വിൽപ്പനച്ചരക്കാവുന്ന നാഗരികന്റെ സംസ്കാരത്തിൽ ദെർസുവിന്റെ ചോദ്യങ്ങൾ എങ്ങനെ അവഗണിക്കപ്പെടാതിരിക്കും?

It's only human to want more എന്ന പുതിയ വിപണിയുടെ പരസ്യ വാചകത്തിൽ നിന്ന് രണ്ടാം യാത്രയിൽ കണ്ടുമുട്ടുന്ന ദെർസു കാട്ടിലെ പുതിയ അപകടങ്ങളെക്കുറിച്ച് അമർഷപ്പെടുന്നത് എങ്ങനെ ചേർത്ത് വായിക്കും?ദെർസു ഉസാല (Dersu Uzala) എന്ന സിനിമ ഒരു യഥാർത്ഥ സംഭവത്തെ അവലംബിച്ചാണ് ഒരുക്കിയിരിക്കുന്നത്‌.

ക്യാപ്റ്റൻ വ്ലാദ്മിർ അർസെനിയെവ് തന്റെ സർവ്വെയിങ്ങ് പര്യവേഷണങ്ങൾക്കിടയിൽ കണ്ടുമുട്ടുന്ന ദെർസു എന്ന ട്രൈബൽ ഹണ്ടർ സുഹൃത്തും വഴികാട്ടിയും ഒക്കെ ആയിമാറുന്നതതിൽ തുടങ്ങന്ന സിനിമ ഒരുക്കിയിരിക്കുന്നത് ഫ്ലാഷ്ബാക്ക് രീതിയിലാണ്‌.
വന്യമായ സൈബീരിയൻ കാടുകളുടെ ദൃശ്യങ്ങൾ, ഭ്രമാത്മകായ ചില ഫ്രെയ്മുകൾ അങ്ങനെ സമൃദ്ധമായ സിനിമാക്കാഴ്ച.

വിക്കി ലിങ്ക് ഇവിടെ.വാൽക്കഷ്ണം:


ഈയിടെ ശ്രീനിവാസൻ ഒരു പുസ്തകത്തിൽ പറഞ്ഞത്, മലയാള സിനിമ 25 വർഷമെങ്കിലും പുറകിലാണെന്നാണ്‌. ദെർസു എന്ന സിനിമ മാത്രം കണക്കിലെടുത്താൽ നമ്മൾ യുഗങ്ങൾ പുറകിലാണെന്ന് സമ്മതിക്കേണ്ടിവരും.

9.1.11

കാത്തോളണെ..ഒരു വഴിയോരക്കാഴ്ച്ച, ഫോണിലെ ക്യാമറയ വെച്ചെടുത്തത്..

25.12.10

ജീവനാശത്തിന്റെ,നിലവിളിക്കുന്ന,കാണാനിഷ്ടപ്പെടാത്ത ചിത്രങ്ങള്‍

ഈ ലക്കം‌ (2010 ഡിസംബര്‍ 26, ലക്കം 42) മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു പ്രത്യേകപതിപ്പാണ്, എന്റോസള്‍ഫാന്‍ ദുരന്തമേഖലയില്‍ മധുരാജ് എന്ന ഫോട്ടോഗ്രാഫര്‍‌ നടത്തിയ യാത്രകളുടെ ഒരു ഫോട്ടോ ഫീച്ചര്‍. ഇതിലെ വിവരണങ്ങള്‍,ചിത്രങ്ങള്‍‌ തീര്‍ച്ചയായും വായിക്കപ്പെടേണ്ടതാണ്. ഈ ബ്ലോഗ് പോസ്റ്റിന്റെ റ്റൈറ്റിലിലെ വാക്കുകള്‍ ഇതിലെ പലതിലും നിന്നും കടം കൊണ്ടതും.

മാതൃഭൂമിയുടെ മറ്റു നിലപാടുകളെന്തൊക്കെയായാലും പ്ലാചിമട പ്രശ്നത്തിലും എന്റോസള്‍ഫാന്‍ പ്രശ്നത്തിലും അവര്‍ സ്വീകരിച്ച നിലപാട് ധീരമാണ്. വെറുമരു സിംബോളിക് പ്രതിഷേധങ്ങള്‍ക്കപ്പുറത്തേയ്ക്ക്, യഥാര്‍ത്ഥവും ക്രിയാത്മകവുമായ പ്രശ്നപരിഹാരത്തിന് ഇങ്ങനെയുള്ള മാധ്യമ നിലപാടുകള്‍ സഹായിക്കട്ടെ. കെ വി തോമസ് ഇതു വായിക്കുമോ എന്തോ. മധുരാജിനെപ്പോലെ ഫോട്ടോകളുടെ 'റിയല്‍ പവര്‍'ഉപയോഗിക്കുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍.  ഈ ബ്ലോഗ് മധുരാജിന്റെയാണെന്നു തോന്നുന്നു.

പെട്ടെന്നോര്‍മ വരുന്നത് മുന്‍പൊരിക്കല്‍ കണ്ട റയന്‍ ലോബോവിന്റെ ഫോട്ടോകളാണ്, അത് പ്രസന്റ് ചെയ്ത് ഒരു TED talk ആണ്. അതുപോലുള്ള കുറെച്ചൊക്കെ corporate sponsored ആയ പ്ലാറ്റ്ഫോര്‍മുകളില്‍ ഇങ്ങനെ എന്റോസള്‍ഫാന്‍ ദുരന്തം പോലുള്ള ഒരു ഫീച്ചര്‍ വരുമോ, എന്തൊ.

2.10.10

പ്രാഞ്ച്യേട്ടന്‍.. ഒരു കുറിപ്പ്

പ്രാഞ്ച്യേട്ടന്‍ & the saint കണ്ടു. നല്ല തൃശൂര്‍ മൂഡ്, കുറേ ചിരിപ്പിയ്ക്കുന്ന നീനുകളും സംഭാഷണങ്ങളും നന്നായിതോന്നി.അവാര്‍ഡ്  കിട്ടനുള്ള കളികളൊക്കെ എതോ ഒരു വി കെ എന്‍ കഥയെ ഓര്‍മിപ്പിച്ചു, അങ്ങനെ ഒരു കഥ ആയിരുന്നെങ്കില്‍ എന്നു കൊതിപ്പിച്ചു. ഒരു നല്ല സറ്റയര്‍ ആക്കിയെടുക്കാമായിരുന്നെങ്കിലും നായകനെ മഹാനാക്കാന്‍ അവസാനം ചില സ്ഥിരം ചേരുവകളിലേയ്ക്ക് മടങ്ങിപ്പോവുന്നു.ഒരു കാരിക്കേച്ചറില്‍ ഇടയ്കിടെ ഇങ്ങനെ അനാട്ടമി റൂള്‍സ് നോക്കേണ്ടതുണ്ടോ.

'അപ്പുണ്ണി' ഒക്കെ പോലൊരു സിനിമ (അതോ മൂവിയൊ ) ഇനി ഉണ്ടാവുമോ ഏന്തോ?

എന്തായാലും രഞ്ജിത്തിന്റെ സഭാഷണ പ്രധാനമായ രീതിയില്‍ വീണ്ടും ഒന്ന്  - വൃത്തി കെട്ട കോമഡികള്‍ കുത്തി നിറയ്കാതെ ഒരു കളറ് പടം! കാലികമായ ചില വിഷയങ്ങള്‍ വെറുതെ മിക്സ് ചെയ്യുന്നുമുണ്ട്, ഒരു ഗ്രിപ്പ് കിട്ടുമല്ലോ.  : -)   പ്രാഞ്ചി vs പുണ്യാളന്‍ - രസികന്‍ സഭാഷണങ്ങള്‍  - ഈ ശൈലിയുടെ ഉപയോഗം വച്ചു നോക്കിയാല്‍ 'ലഗെ രഹോ മുന്നാഭായ്' ഒരു പാട് നന്നായി എന്നു തോന്നുന്നു, ഒരു താരതമ്യം ശരിയുമല്ല. 

പിന്നെ ഈയിടെ കണ്ടത്  ശിക്കാര്‍ - സാങ്കേതിക മികവുണ്ടെങ്കിലും തിരക്കഥയിലെ കുറവുകള്‍ ഒരു കല്ലു കടിയായി. അങ്ങനെ ഒക്കെ നോക്കുമ്പോള്‍   പ്രാഞ്ച്യേട്ടന്‍ & the saint ഒരു നല്ല  പടം തന്നെ.

31.7.10

അല്‍ അമീനും വിഷ്ണുമായയും സുഹൃത്തുക്കളാണ്

സ്നേഹതീരത്തെ കാഴ്ചകളില്‍ ഒരെണ്ണം ഇവിടെ.

എന്തുകൊണ്ടൊ ആദ്യത്തെ കാഴ്ചയില്‍ തന്നെ ഒരു പോസ്റ്റാന്‍ തോന്നിയ ഒന്നാണിത്. ഒരു പക്ഷെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പായിരുന്നെങ്കില്‍ ഇതിങ്ങനെ പോസ്റ്റാക്കാന്‍ മാത്രം പ്രസക്തമാവില്ലായിരുന്നേനെ എന്നു തോന്നുന്നു.

10.7.10

നാലാം നിറം

ആദ്യം യുറീക്കയിലോ മറ്റോ വായിച്ച് ഒരു 'പിന്‍ ഹോള്‍' ക്യാമറ, പിന്നെ പ്രൊജെക്റ്റര്‍ മോഡല്‍ ഉണ്ടാക്കാനെന്നും പറഞ്ഞ് വാങ്ങിച്ച ഒരു 8.5 ബൈ-കോണ്‍വെക്സ് ലെന്‍സും വച്ച് ഒരു സ്വന്തം 'ക്യാമറ ഒബ്സ്ക്യൂറ'. ഇതൊക്കെയായിരുന്നു കുട്ടിക്കാലത്തെ ക്യാമറക്കളികള്‍. പിന്നെ ഒരു കൊഡാക്ക് കെബി 10, ഇപ്പൊ ഒരു ചെറിയ പോയിന്റ് & ഷൂട്ട് നിക്കൊണ്‍. ഡിജിറ്റലായതോടെ കാര്യങ്ങളൊക്കെ എളുപ്പവും. ബ്ലോഗുലകത്തിലാണെങ്കില്‍ കാക്കത്തൊള്ളായിരം ഫോട്ടോ ബ്ലോഗുകളുമുണ്ട്. എന്നാലും എന്റെ വക കൂടി ഇരിക്കട്ടെ ഒന്ന്.

ലിങ്ക് ഇവിടെ: http://fourthcolour.blogspot.com/

പച്ചയാണെന്റെ പ്രിസം. കണ്ടറിയുന്ന കൂട്ടത്തില്‍ ആദ്യമുടക്കിയതും പച്ചതന്നെയാവും.
സൂര്യരശ്മി പിളര്‍ത്തി വിടുമ്പോള്‍ വേവ്-ലെങ്തിലെ നാലാമൂഴം. ഓവറായൊ? എന്തായാലും പച്ച.

23.5.10

വലയിറക്കം


വലക്കണ്ണികളില്‍ ജീവിയ്ക്കാന്‍ മീനുകളും പഠിക്കുമോ? അതു വരെ തുഴഞ്ഞിനിയും നീങ്ങി, വലയിനിയും വീശിയൊരു ജീവിതം.

മറ്റൊരു നഗരക്കാഴ്ച, ബി.ടി.എം. ലേയ്ക്ക്. ബാംഗളൂര്.