4.5.09

സാഗറും ജാക്കിയും മറ്റു ചിലതും...

ഇത് ഒരു കൃത്യമായ സിനിമ റിവ്യു / നിരൂപണം ഒന്നും അല്ല - എങ്കിലും സിനിമയെക്കുറിച്ചു തന്നെ വീണ്ടും. അല്പം നിലവാരമുള്ള പടങ്ങള്‍ കാണാന്‍ ആഗ്രഹമുള്ള ഒരു പാവം സാധാരണ പ്രേക്ഷകനാണ്‌ ഞാന്‍.
രണ്ടു ചിത്രങ്ങളെപ്പറ്റി - (1) സാഗര്‍ എലിയാസ് ജാക്കി റീലോഡെഡ് (2) 2 ഹരിഹര്‍ നഗര്‍ - തുടര്‍ച്ചയായി ബ്ലോഗുകളിലും മറ്റും കണ്ടു വന്നിരുന്നതും വായിച്ചതുമായി ഒരു തരത്തിലും യോജിയ്ക്കാന്‍ പറ്റാത്തതു കൊണ്ടാണ്‌ വൈകിയാണെങ്കില്‍ക്കൂടി ഞാനിതിവിടെ പോസ്റ്റുന്നത്. ചിത്രവിശേഷം പോലുള്ള പോപുലര്‍ ബ്ലോഗുകള്‍ വായിച്ചാല്‍, പ്രത്യേകിച്ച് റേറ്റിംഗ് നല്‍കിയത് - എന്നെ വളരെ അദ്ഭുതപ്പെടുത്തുന്നു. ഈ രണ്ടു ചിത്രങ്ങളും കണ്ടിട്ടു വേണമല്ലൊ എന്തെങ്കിലും പറയാന്‍! ഇതില്‍ 2 ഹരിഹര്‍ നഗര്‍ ഞാന്‍ കണ്ടതു കുറച്ചു മുമ്പാണ്.

ഭാവന അവതരിപ്പിയ്ക്കുന്ന ജെര്‍ണലിസ്റ്റ് - അവരുടെ ജാക്കിയോടുള്ള ആരാധന പ്രണയം ആയി മാറുന്ന ഗാനരാംഗം പോലെയുള്ള ചില കല്ലുകടികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, രണ്ടാം ഭാഗം അല്ലെന്നും ഇരുപതാം നൂറ്റാണ്ടില്‍ നിന്നും ഇന്‍സ്പയേര്‍ഡ് ആയി അതിലെ ചില കഥാപാത്രങ്ങളെ ചെറിയ മാറ്റങ്ങളോടെ പുതിയ രീതിയില്‍ അവതരിപ്പിച്ചത് വളരെ 'ബ്രില്യന്റ്' ആയിട്ടുണ്ടെന്നാണ്‌ എന്റെ അഭിപ്രായം. മലയാളത്തിലെ മിക്ക 'ആക്ഷന്‍' (? അതിനേക്കള്‍ ഡയലോഗടി പടങ്ങള്‍ എന്നു വേണം പറയാന്‍) പടങ്ങളെ അപേക്ഷിച്ച് സാങ്കേതികമായും കലാപരമായും തീര്‍ച്ചയായും മികച്ചു നില്‍ക്കുന്ന ഒരു കൊമെഴ്‌സ്യല്‍ സിനിമയാണ് സാഗര്‍ എലിയാസ് ജാക്കി. എടുത്തുപറയത്തക്കതായി അതിന്റെ ക്യാമറയും എഡിറ്റിംഗും ബാക്ക് ഗ്രൌണ്ട് മ്യുസിക്കും, പിന്നെ മിതമായി വാചാലമല്ലാത്ത ശക്തമായി ഡെലിവര്‍ ചെയ്ത സംഭാഷണങ്ങളും. അമല്‍ നീരദ് ശെരിക്കും അഭിനന്ദനം അര്‍ഹിയ്ക്കുന്നു.

എന്നാല്‍ 2 ഹരിഹര്‍ നഗര്‍ - എന്റെ ദൈവമെ!! എടുത്ത് പറയാന്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രം പഴയ ഒരു സൂപ്പര്‍ ഹിറ്റിന്റെ പിന്‍ബലത്തില്‍ നന്നായി മാര്‍കെറ്റ് ചെയ്തു വിജയിപ്പിച്ച് വളരെ മനോഹരമായി ഒന്നാം ഭാഗമായ 'ഇന്‍ ഹരിഹര്‍ നഗര്‍' ലെ ഊഷ്മളമായ സുഹൃദ്ബന്ധമെന്ന പ്രധാന ആശയത്തെ കൊന്നു കൊലവിളിച്ചിരിയ്ക്കുന്നു.
നിറം കെട്ട കുറെ തമാശകളും, പിന്നെ കുത്തിതിരുകിയ കുറെ കഥാപാത്രങ്ങളും (സലിംകുമാര്‍, അറ്റ്ലസ് രാമചന്ദ്രന്‍)..പിന്നെ സ്ഥിരം പാറ്റേണില്‍ ചുറ്റിമെനഞ്ഞെടുത്ത കുറെ സീനുകളും നാടകീയതയും. ലാലിന്റെ മാര്‍കെറ്റിംഗ് സമ്മതിക്കണം...എന്നാലും ഇനിയൊരു അങ്കത്തിനൊരിക്കലും ബാല്യമില്ലാത്ത വിധം നമ്മുടെ കഥാനായകന്‍മാരെ വധിച്ചൊരു വഴിക്കാക്കിയില്ലെ!! - മുകേഷിന്റെ മഹാദേവന്‍ ക്ലാസെടുക്കൊന്നതുപോലെ - ഒരാന കുത്താന്‍ വരുമ്പോള്‍ ശെരിക്കും എന്തു ചെയ്യും?? അതിന്റെ ചങ്ങലയ്ക്കാണെങ്കില്‍ ഭ്രാന്തും.

ലാളിത്യമുള്ള ഒരു തീം നല്ലൊരു തിരക്കഥയുടെ പിന്‍ബലത്തില്‍, ദൃശ്യങ്ങളുടെ ചാരുതയെയൊ സാങ്കേതികത മികവിനെക്കാളോ ഉപരിയായി ഉപയോഗിച്ചു ഒരു ചെറിയ ബഡ്ജെറ്റിലാണെങ്കില്‍ക്കൂടി അവതരിപ്പിയ്ക്കുന്ന സിനിമകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്‌ ഞാനും. എങ്കിലും സാങ്കേതികമായി മുന്നില്‍ നില്ക്കുന്ന സിനിമകള്‍, നല്ല വിഷ്വല്‍ ഇംപാക്റ്റ് ഉണ്ടാക്കുന്നവ കൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

ചുരുങ്ങിയ പക്ഷം അതിനെ തേജോവധം ചെയ്യാതിരിയ്ക്കാനെങ്കിലും നമ്മള്‍ ശ്രദ്ധിയ്ക്കണം.

സിനിമ എന്നാല്‍ കഥ മാത്രമൊ, കഥ പറയാനുള്ള ഒരു മാധ്യമമോ മാത്രമല്ല എന്നും അതിന്‌ ചലിക്കുന്ന ദൃശ്യങ്ങളുടേതായ ഒരു ഭാഷയും വ്യാകരണവും ഉണ്ടെന്നും നമ്മള്‍ വീണ്ടും ഓര്‍ക്കേണ്ടതുണ്ട്. കഥയൊ കഥയില്ലായ്മയൊ എന്നതിനേക്കാള്‍ ഒരു 'കണ്ടെന്റ് ' എത്രത്തോളും ശക്തമായി, സ്വാഭാവികമായി ആവിഷ്കരിക്കപ്പെടുന്നു എന്നതും എനിയ്ക്ക് പ്രധാനമായി തോന്നുന്നു.

ഈ 'കണ്ടെന്റ്' നന്നാവുമ്പോള്‍, ആ സിനിമ മറ്റൊരു തലത്തിലേയ്ക്ക് ഉയരുന്നു, അങ്ങനെയുള്ളവയാണെങ്കില്‍ 'കണ്ടെന്റും' 'ട്രീറ്റ് മെന്റും' ഒത്തിണങ്ങിയവ വളരെ വിരളവും.

വളരെ വിശാലമായ ഈ മാര്‍ക്കറ്റില്‍, വളരെ വലിയ ബഡ്ജറ്റില്‍ എടുക്കുന്ന മറ്റു ഭാഷാ ചിത്രങ്ങള്‍, ഹോളിവുഡ് സിനിമകള്‍ തുടങ്ങി സിനിമാകാഴ്ചകളുടെ വൈവിധ്യം മുന്പത്തേക്കാളേറെ വിപുലമായ ഇക്കാലത്ത് തീര്‍ച്ചയായും മലയാള സിനിമ നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്.

അതു കൊണ്ട്, അമല്‍ നീരദ് - താങ്കള്‍ക്ക് വീണ്ടും അഭിവാദ്യങ്ങള്‍!