20.2.11

ദെർസു ഉസാല : മറക്കാനാവാത്ത കാഴ്ച്ചാനുഭവം

പണ്ടെങ്ങോ  ഒരു 'യുറീക്ക'യിലാണ്‌  ദെർസുവിനെപ്പറ്റി ആദ്യം വായിക്കുന്നത്‌...ചെറിയ ഒരു ലേഖനം. എഴുതിയതാരെന്നോർമ്മയില്ല. അന്നേ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും 1975ലെ ഒരു അകിരകുറസോവ സിനിമ ആ കാലത്ത് എവിടുന്നു കിട്ടാൻ...പിന്നെപ്പിന്നെ മറന്നും പോയി. ഈയിടെയാണ്‌ അതൊന്നു കാണാൻ ഒരവസരം കിട്ടിയത്.ഇനിയെനിക്ക് ഉറപ്പിച്ച് പറയാം കണ്ടില്ലായിരുന്നെങ്കിൽ അതൊരു നഷ്ടം തന്നെയെന്ന്. എല്ലാ അർത്ഥത്തിലും ക്ലാസിക്ക് സിനിമ.

തികച്ചും അന്യമായ സൈബീരിയൻ ഭൂപ്രകൃതിയിൽ, 1910 കളിൽ നടക്കുന്ന ഒരു കഥ കേരളം പോലെ ഭൂമിശാസ്ത്രപരമായി സേഫ് ആയ ഒരിടത്ത് നിന്നുള്ള എന്നെ ഈ 2011 ലും ഇത്രയധികം സ്വാധീനിക്കാൻ കഴിയുന്നുണ്ടെങ്കിൽ...ചുരുങ്ങിയത് ക്ലാസിക്ക് എന്നെങ്കിലും വിശേഷിപ്പിക്കേണ്ടെ.

കുട്ടിക്കാലത്തെ പരിഷത്ത് പുസ്തകങ്ങളും മറ്റും കൊണ്ടുള്ള  സ്വാധീനമാണൊ, അതൊ കാറ്റിൽ ചെറുതായി ഇളകുന്ന മരച്ചില്ലയുടെ ഉയരത്തിൽ കയറിയിരുന്ന് വേനലവധിയിൽ ഇങ്ങെനെയൊന്ന് വായിച്ചതിന്റെ ഫീൽ ആണോ.. എന്തായാലും അന്നു തൊട്ട് തലയിൽക്കേറിയ ചിന്തകളില്ലൊന്നാണ്‌ മനുഷ്യൻ പ്രകൃതിയിൽ എത്രത്തോളം നിസ്സാരനാണെന്നെ സത്യം.

പ്രകൃതിയുമായി തന്റെ ജീവിതം ഇഴചേർന്ന് പോയവന്‌ നാഗരികത സമ്മാനിക്കുന്ന സഫോകേഷൻ. മനുഷ്യനും മൃഗങ്ങളും പുൽനാമ്പ് തൊട്ട് വന്മരങ്ങൾ വരെയുള്ള സഹജീവികളോടുള്ള വറ്റാത്ത സ്നേഹം. അതിജീവത്തിന്റെ മാനുഷികമായ, വളരെ ലളിതവും ബുദ്ധിപരവുമായ പുതുവഴികൾ.. അങ്ങനെയങ്ങനെ നന്മയുടെ ഒരുപാടു ജീവനുറങ്ങുന്ന ദൃശ്യങ്ങൾ.

ഇതിനിടയിൽ അതിശക്തമായ ചില ഓർപ്പെടുത്തലുകളും ചോദ്യങ്ങളും സ്വാഭാവികമായിത്തന്നെ മുന്നോട്ടു വരുന്നു. പ്രകൃതി വിഭവങ്ങളെല്ലാം.. വിറകും, വെള്ളവും എല്ലാം വിൽപ്പനച്ചരക്കാവുന്ന നാഗരികന്റെ സംസ്കാരത്തിൽ ദെർസുവിന്റെ ചോദ്യങ്ങൾ എങ്ങനെ അവഗണിക്കപ്പെടാതിരിക്കും?

It's only human to want more എന്ന പുതിയ വിപണിയുടെ പരസ്യ വാചകത്തിൽ നിന്ന് രണ്ടാം യാത്രയിൽ കണ്ടുമുട്ടുന്ന ദെർസു കാട്ടിലെ പുതിയ അപകടങ്ങളെക്കുറിച്ച് അമർഷപ്പെടുന്നത് എങ്ങനെ ചേർത്ത് വായിക്കും?ദെർസു ഉസാല (Dersu Uzala) എന്ന സിനിമ ഒരു യഥാർത്ഥ സംഭവത്തെ അവലംബിച്ചാണ് ഒരുക്കിയിരിക്കുന്നത്‌.

ക്യാപ്റ്റൻ വ്ലാദ്മിർ അർസെനിയെവ് തന്റെ സർവ്വെയിങ്ങ് പര്യവേഷണങ്ങൾക്കിടയിൽ കണ്ടുമുട്ടുന്ന ദെർസു എന്ന ട്രൈബൽ ഹണ്ടർ സുഹൃത്തും വഴികാട്ടിയും ഒക്കെ ആയിമാറുന്നതതിൽ തുടങ്ങന്ന സിനിമ ഒരുക്കിയിരിക്കുന്നത് ഫ്ലാഷ്ബാക്ക് രീതിയിലാണ്‌.
വന്യമായ സൈബീരിയൻ കാടുകളുടെ ദൃശ്യങ്ങൾ, ഭ്രമാത്മകായ ചില ഫ്രെയ്മുകൾ അങ്ങനെ സമൃദ്ധമായ സിനിമാക്കാഴ്ച.

വിക്കി ലിങ്ക് ഇവിടെ.വാൽക്കഷ്ണം:


ഈയിടെ ശ്രീനിവാസൻ ഒരു പുസ്തകത്തിൽ പറഞ്ഞത്, മലയാള സിനിമ 25 വർഷമെങ്കിലും പുറകിലാണെന്നാണ്‌. ദെർസു എന്ന സിനിമ മാത്രം കണക്കിലെടുത്താൽ നമ്മൾ യുഗങ്ങൾ പുറകിലാണെന്ന് സമ്മതിക്കേണ്ടിവരും.