Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

20.2.11

ദെർസു ഉസാല : മറക്കാനാവാത്ത കാഴ്ച്ചാനുഭവം

പണ്ടെങ്ങോ  ഒരു 'യുറീക്ക'യിലാണ്‌  ദെർസുവിനെപ്പറ്റി ആദ്യം വായിക്കുന്നത്‌...ചെറിയ ഒരു ലേഖനം. എഴുതിയതാരെന്നോർമ്മയില്ല. അന്നേ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും 1975ലെ ഒരു അകിരകുറസോവ സിനിമ ആ കാലത്ത് എവിടുന്നു കിട്ടാൻ...പിന്നെപ്പിന്നെ മറന്നും പോയി. ഈയിടെയാണ്‌ അതൊന്നു കാണാൻ ഒരവസരം കിട്ടിയത്.ഇനിയെനിക്ക് ഉറപ്പിച്ച് പറയാം കണ്ടില്ലായിരുന്നെങ്കിൽ അതൊരു നഷ്ടം തന്നെയെന്ന്. എല്ലാ അർത്ഥത്തിലും ക്ലാസിക്ക് സിനിമ.

തികച്ചും അന്യമായ സൈബീരിയൻ ഭൂപ്രകൃതിയിൽ, 1910 കളിൽ നടക്കുന്ന ഒരു കഥ കേരളം പോലെ ഭൂമിശാസ്ത്രപരമായി സേഫ് ആയ ഒരിടത്ത് നിന്നുള്ള എന്നെ ഈ 2011 ലും ഇത്രയധികം സ്വാധീനിക്കാൻ കഴിയുന്നുണ്ടെങ്കിൽ...ചുരുങ്ങിയത് ക്ലാസിക്ക് എന്നെങ്കിലും വിശേഷിപ്പിക്കേണ്ടെ.

കുട്ടിക്കാലത്തെ പരിഷത്ത് പുസ്തകങ്ങളും മറ്റും കൊണ്ടുള്ള  സ്വാധീനമാണൊ, അതൊ കാറ്റിൽ ചെറുതായി ഇളകുന്ന മരച്ചില്ലയുടെ ഉയരത്തിൽ കയറിയിരുന്ന് വേനലവധിയിൽ ഇങ്ങെനെയൊന്ന് വായിച്ചതിന്റെ ഫീൽ ആണോ.. എന്തായാലും അന്നു തൊട്ട് തലയിൽക്കേറിയ ചിന്തകളില്ലൊന്നാണ്‌ മനുഷ്യൻ പ്രകൃതിയിൽ എത്രത്തോളം നിസ്സാരനാണെന്നെ സത്യം.

പ്രകൃതിയുമായി തന്റെ ജീവിതം ഇഴചേർന്ന് പോയവന്‌ നാഗരികത സമ്മാനിക്കുന്ന സഫോകേഷൻ. മനുഷ്യനും മൃഗങ്ങളും പുൽനാമ്പ് തൊട്ട് വന്മരങ്ങൾ വരെയുള്ള സഹജീവികളോടുള്ള വറ്റാത്ത സ്നേഹം. അതിജീവത്തിന്റെ മാനുഷികമായ, വളരെ ലളിതവും ബുദ്ധിപരവുമായ പുതുവഴികൾ.. അങ്ങനെയങ്ങനെ നന്മയുടെ ഒരുപാടു ജീവനുറങ്ങുന്ന ദൃശ്യങ്ങൾ.

ഇതിനിടയിൽ അതിശക്തമായ ചില ഓർപ്പെടുത്തലുകളും ചോദ്യങ്ങളും സ്വാഭാവികമായിത്തന്നെ മുന്നോട്ടു വരുന്നു. പ്രകൃതി വിഭവങ്ങളെല്ലാം.. വിറകും, വെള്ളവും എല്ലാം വിൽപ്പനച്ചരക്കാവുന്ന നാഗരികന്റെ സംസ്കാരത്തിൽ ദെർസുവിന്റെ ചോദ്യങ്ങൾ എങ്ങനെ അവഗണിക്കപ്പെടാതിരിക്കും?

It's only human to want more എന്ന പുതിയ വിപണിയുടെ പരസ്യ വാചകത്തിൽ നിന്ന് രണ്ടാം യാത്രയിൽ കണ്ടുമുട്ടുന്ന ദെർസു കാട്ടിലെ പുതിയ അപകടങ്ങളെക്കുറിച്ച് അമർഷപ്പെടുന്നത് എങ്ങനെ ചേർത്ത് വായിക്കും?



ദെർസു ഉസാല (Dersu Uzala) എന്ന സിനിമ ഒരു യഥാർത്ഥ സംഭവത്തെ അവലംബിച്ചാണ് ഒരുക്കിയിരിക്കുന്നത്‌.

ക്യാപ്റ്റൻ വ്ലാദ്മിർ അർസെനിയെവ് തന്റെ സർവ്വെയിങ്ങ് പര്യവേഷണങ്ങൾക്കിടയിൽ കണ്ടുമുട്ടുന്ന ദെർസു എന്ന ട്രൈബൽ ഹണ്ടർ സുഹൃത്തും വഴികാട്ടിയും ഒക്കെ ആയിമാറുന്നതതിൽ തുടങ്ങന്ന സിനിമ ഒരുക്കിയിരിക്കുന്നത് ഫ്ലാഷ്ബാക്ക് രീതിയിലാണ്‌.
വന്യമായ സൈബീരിയൻ കാടുകളുടെ ദൃശ്യങ്ങൾ, ഭ്രമാത്മകായ ചില ഫ്രെയ്മുകൾ അങ്ങനെ സമൃദ്ധമായ സിനിമാക്കാഴ്ച.

വിക്കി ലിങ്ക് ഇവിടെ.



വാൽക്കഷ്ണം:


ഈയിടെ ശ്രീനിവാസൻ ഒരു പുസ്തകത്തിൽ പറഞ്ഞത്, മലയാള സിനിമ 25 വർഷമെങ്കിലും പുറകിലാണെന്നാണ്‌. ദെർസു എന്ന സിനിമ മാത്രം കണക്കിലെടുത്താൽ നമ്മൾ യുഗങ്ങൾ പുറകിലാണെന്ന് സമ്മതിക്കേണ്ടിവരും.

11.5.10

മലയാള സിനിമയും അലക്സാണ്ടറുടെ അതിക്രമങ്ങളും

ഇതിവിടെ എഴുതുന്നതിനു പിന്നിലെ ചേതോവികാരം നേരിട്ടാദ്യമേ പറയാം. മലയാള സിനിമയില്‍ കുറെ നാളായി നിലനില്ക്കുന്ന പലപല പ്രതിസന്ധികളെക്കുറിച്ചു നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നു. നല്ലസിനിമകളെ സ്നേഹിക്കുന്നവര്ക്ക്, മലയാളത്തില്‍ നല്ല സിനിമകള്‍ (കൊമെഴ്സ്യല്‍/എന്റെര്റ്റൈനെര്‍/ഓഫ് ബീറ്റ് ഉള്പ്പെടെ) വന്നു കാണാന്‍ ആഗ്രഹിക്കുന്നവര്ക്കുമെല്ലാം വിഷമുണ്ടാക്കുന്നതാണിതൊക്കെ. എന്തായാലും എന്തൊക്കെയൊ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ റിലീസ് ചെയ്ത പടങ്ങളില്‍ ഒന്നു കണ്ട് പോയതിന്റെ 'ഷോക്കില്‍' എഴുതുകയാണ്‌. അലക്സാണ്ടര്‍ ദി ഗ്രേറ്റ് !! കണ്ടപ്പോള്‍ തുങ്ങ്ങ്ങിയ തലവേദന ഇതു പോസ്റ്റുമ്പോളെങ്കിലും അല്‍പം കുറയും എന്നണെന്റെ പ്രതീക്ഷ. പിന്നെ ഇത്തരം ചിത്രങ്ങള്‍ പ്രോസ്താഹിക്കപ്പെടെരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും.

ഒരു പക്ഷേ ഇതു Rain man മലയാളം പതിപ്പ് ആക്കാനുള്ള ശ്രമമായിരിയ്ക്കാം. അല്ലെങ്കില്‍ ഇതിന്റെ പിന്നിലെ അപാര ക്രിയേറ്റിവ് തലച്ചോറുകള്‍ സ്വയം ചിന്തിച്ചുണ്ടാക്കിയതകാം. എന്തായലും ഒറ്റവാക്കില്‍ 'ദുരന്തം' എന്നൊ 'അക്രമം' എന്നോ പറയാം. മുരളി നാഗവള്ളിയേ പറ്റിയുള്ള പ്രതീക്ഷയൊക്കെ പോയി. മലയാളി പ്രേക്ഷകരെത്തന്നെ മനസ്സില്‍ കണ്ടാണൊ ഇതിലെ സംഭാഷണങ്ങള്‍ എഴുതിയതു എന്നു സംശയിക്കണം! അത്ര അധികം ഇംഗ്ളീഷ് കുത്തി നിറച്ചിരിക്കുന്നു. നടീനടന്മാരെക്കൊണ്ട് എന്തു ചെയ്യിക്കണം എന്നു ഒരു ഉറപ്പില്ലാത്തതുപോലുള്ള കുറെ സീക്വന്സ്. മോഹന്‍ലാല്‍ ആണല്ലോ നായകന്‍, അപ്പൊള്‍ നിഷ്കളങ്കനായ മുഖമുള്ള അതിബുദ്ധിമാനായ കര്‍ണാടിക് സഗീതം പാടുന്ന, ഒരു 20 പേരു വന്നാലും വെറും കയ്യോടെ ഇടിച്ചിടുന്ന - ഇതൊക്കെ മിനിമം വേണ്ട യോഗ്യതകളാണല്ലോ. ചിരിക്കണൊ കരയണൊ എന്നൊരവസ്ഥയാണ് കാണുമ്പൊഴുള്ള ഒരു സ്ഥായീഭാവം.

ചിത്രത്തിന്റെ സങ്കേതിക മികവിനെക്കുറിച്ചൊന്നും പരയാനില്ല.. വെളിച്ചം കൂടിപ്പോയതൊക്കെ ഗള്‍ഫായതു കൊണ്ടായിരിയ്ക്കും...അല്ലെ!! പാട്ടുകള്‍ (?!), സംഗീതം,.. എല്ലാം ചിത്രത്തോടു വളരെയധികം ബ്ലെന്‍ഡ് ചെയ്തു ബോറായിപ്പോകുന്നുണ്ട്.

ഇതിലെവിടെയൊ പരയുന്നുണ്ട് -the difference between sanity and insanity is a thin line - സത്യം. കാഴ്ചക്കാര്‍ ആ thin line -ല്‍ ചുറ്റിത്തിരിയുന്നത് അനുഭവിച്ചറിയാന്‍ ഇതു കാണുക. "Rain man"ല്‍ autism ആയിരുന്നു നായകന്റെ അസുഖം, ഇതില്‍ എന്താണെന്നു പടം മുഴുവനും കണ്ടിട്ടും മനസ്സിലായില്ല, സംവിധായകനോ മറ്റോ പരഞ്ഞു തന്നാല്‍ നന്നായിരുന്നു.

ഭഗവാന്,എഞ്ചല്‍ ജോണ്, അലക്സാണ്ടര്‍..

മോഹന്‍ലാല്‍ എന്ന നടനും താരവും തമ്മിലുള്ള ദൂരം വീണ്ടും വീണ്ടും അകലുന്നു. ഇതു പോലുള്ള ചിത്രങ്ങള്‍ കണ്ട് എന്നെപ്പോലുള്ള കുറെപ്പെരുടെ അങ്ങേരോടുള്ള സ്നേഹാദരങ്ങളും കുറഞ്ഞും വരുന്നു.

9.8.09

ഭ്രമരത്തിനെക്കുറിച്ച്...

ഇന്നാണ്‌ "ഭ്രമരം" കാണാന്‍ പറ്റിയത്. ബാംഗ്ലൂരില്‍ ഇതെന്താണാവോ ഇത്ര വൈകിയെത്തിയത്!

'കാഴ്ച'യാണ്‌ ഇതുവരെയുള്ള ബ്ലെസ്സിചിത്രങ്ങളില്‍ എനിയ്ക്കേറ്റവും ഇഷ്ടം, അതിന്റെ ഒരു ഇംപാക്റ്റ് വളരെ തീവ്രമായിരുന്നു.മറ്റ് പടങ്ങളെല്ലാം തന്നെ സ്ഥിരം മലയാള മുഖ്യധാര സിനിമകളില്‍ നിന്ന് മികവേറിയതും ഒരു പക്ഷെ അതിന്റെയെല്ലാം കണ്ടെന്റ് ആവശ്യപ്പെടുന്ന ഒരു സംവിധാന മികവ് പ്രകടമാക്കുന്നതുമാണ്. ഭ്രമരവും അങ്ങനെ തന്നെ, ഈ കഥ ഇങ്ങനെ തന്നെയാണ്‌ പറയേണ്ടത്.

ലൊകേഷനുകളിലെ പെര്‍ഫെക്ഷനും ക്യാമറയുടെ ചലനവും ഗംഭീരം. ഈ കഥാപാത്രം മോഹന്‍ലാലിനു വേണ്ടി മാത്രം എഴുതിയാതാണ്‌ എന്നു തോന്നി. ഗ്രാഫിക്സിന്റെ അക്രമങ്ങളൊന്നും ഇല്ലാതെ, ഒതുക്കമുള്ള ഫ്രൈമുകളില്‍ മനസ്സിന്റെ ചാഞ്ചാട്ടം മനോഹരമാക്കിയിട്ടുണ്ട് മോഹന്‍ലാല്‍. വളരെ സങ്കീര്‍ണമായ ഭാവങ്ങള്‍, മലയാളത്തില്‍ കണ്ടു പരിചിതമല്ലാത്ത ചുറ്റുപാടുകള്‍ എന്നിങ്ങനെ കാണുന്നവനെ ഒന്ന് അമ്പരപ്പിക്കുന്ന കുറെ "റോഡ്" സീക്വന്‍സുകളും ക്രെയിന്‍ ഷോട്സും എല്ലാം കൊണ്ട് നിറഞ്ഞ ദൃശ്യാനുഭവം, കൂടെ ചില കച്ചവട സാധ്യതയുടെ 'നമ്പരു' കളും!

പിന്നെ മലയോരങ്ങളിലെ ആ യാത്രയില്‍ പരിഷ്കാരിയായ നാഗരികനോടുള്ള ചില ഓര്‍മ്മപ്പെടുത്തലുകളും.

കണ്ടു തീരുമ്പോള്‍ മനസ്സില്‍ ഒരു കലക്കം ആയിരുന്നു നിറഞ്ഞത്, ശിവന്‍കുട്ടിയെന്ന കഥാപാത്രത്തിന്റെ നിസ്സഹായതയുടെയൊ എങ്ങനെ പുറത്തുവരുമെന്നു പറയനാകാത്ത പ്രതികാരവാഞ്ചയുടെയൊ ദുഖത്തിന്റെയൊ ഒക്കെ ഒരു കലക്കം.